ഭൂമിശാസ്ത്രം

ഉദയഗിരി ഗ്രാമപഞ്ചായത്ത് കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലുള്ള ഒരു ഗ്രാമപഞ്ചായത്താണ്. കുടക് മലനിരകളോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഈ പ്രദേശം പ്രകൃതിഭംഗിയാലും സമൃദ്ധമായ വനസമ്പത്താലും പ്രശസ്തമാണ്. ഉയർന്ന കുന്നുകളും താഴ് വരകളും ചെറിയ പുഴകളും തോടുകളും ചേർന്ന ഭൂപ്രകൃതിയാണ് പഞ്ചായത്തിനുള്ളത്. പ്രദേശത്തിന്റെ വലിയൊരു ഭാഗം മുമ്പ് സാന്ദ്രവനമേഖലയായിരുന്നുവെങ്കിലും പിന്നീട് കുടിയേറ്റവും കൃഷിവികസനവും മൂലം കൃഷിയോഗ്യഭൂമിയായി മാറി.ഇവിടുത്തെ കാലാവസ്ഥ സാധാരണയായി ശീതളവും ഈർപ്പമുള്ളതുമാണ്. തെക്കുപടിഞ്ഞാറൻ മൺസൂണിൽ ധാരാളം മഴ ലഭിക്കുന്നതിനാൽ കാർഷികവൃത്തിക്ക് അനുകൂല സാഹചര്യമാണ് നിലനിൽക്കുന്നത്. റബ്ബർ, കുരുമുളക്, തേങ്ങ, അടക്ക, വാഴ, കാപ്പി തുടങ്ങിയ വിളകളാണ് പ്രധാനമായും കൃഷിചെയ്യുന്നത്. മണക്കടവ്, കാർത്തികപുരം, താളിപ്പാറ, അരിവിളഞ്ഞപൊയിൽ, പൂവ്വഞ്ചാൽ തുടങ്ങിയ പ്രദേശങ്ങൾ പഞ്ചായത്തിലെ പ്രധാന പ്രദേശങ്ങളാണ്. മലയോരപ്രദേശമായതിനാൽ റോഡ് ഗതാഗതം വികസിപ്പിക്കുന്നത് ആദ്യം ബുദ്ധിമുട്ടായിരുന്നു. പിന്നീട് റോഡുകളും പാലങ്ങളും നിർമ്മിക്കപ്പെട്ടതോടെ പഞ്ചായത്തിന് മികച്ച ഗതാഗതബന്ധം ലഭിച്ചു. പഞ്ചായത്തിലെ പ്രകൃതിദൃശ്യങ്ങൾ, വനമേഖലകൾ, പുഴകൾ, ജൈവവൈവിധ്യം എന്നിവ ഉദയഗിരിയുടെ ഭൂമിശാസ്ത്രപരമായ പ്രധാന സവിശേഷതകളാണ്.

പഞ്ചായത്തിന്റെ അതിരുകൾ

വടക്ക്                                          :        ചെറുപുഴ പഞ്ചായത്ത്

കിഴക്ക്                                         :        കർണ്ണാടക ഫോറസ്റ്റ്

തെക്ക്                                          :        ആലക്കോട് പഞ്ചായത്ത്

പടിഞ്ഞാറ്                                   :        ആലക്കോട് പഞ്ചായത്ത്